പാരിസ്: പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മോണ്ട് ബ്ലാങ്കിന്റെ ഉയരം രണ്ടു മീറ്റർ കൂടി. ഏറ്റവും പുതിയ സർവേ പ്രകാരം ഉയരം 4,807.47 മീറ്ററാണ്. 2023ലെ സർവേയിൽ 4,805.59 മീറ്ററായിരുന്നു. രണ്ടു വർഷത്തിനിടെ 1.88 മീറ്ററിന്റെ വർധനയുണ്ടായി.
ആധുനിക ജിപിഎസ് സാങ്കേതിവിദ്യയും ഡ്രോണുകളും ഉപയോഗിച്ചാണ് ഫ്രഞ്ച് സർവേയർമാർ പർവതത്തിന്റെ ഉയരം അളന്നത്. രണ്ടു വർഷത്തിലൊരിക്കൽ ഇങ്ങനെ ഉയരം കണക്കാക്കാറുണ്ട്. ആൽപ്സ് പർവതത്തിന്റെ ഭാഗമായ മോണ്ട് ബ്ലാങ്ക് കൊടുമുടിയുടെ പാറക്കെട്ടുകൾ നിറഞ്ഞ ഉൾഭാഗത്തിനു മാറ്റമുണ്ടായിട്ടില്ല. ഇതിനെ പൊതിഞ്ഞിരിക്കുന്ന മഞ്ഞുപാളികളുടെ ഉയരമാണ് കൂടിയത്.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇതിനു കാരണമായി പറയുന്നത്. വരും വർഷങ്ങളിലും കൊടുമുടിയുടെ ഉയരം കൂടുമെന്നാണ് സർവേ സംഘത്തിന്റെ വിലയിരുത്തൽ. അതേസമയം, 2007ൽ മോണ്ട് ബ്ലാങ്കിന് 4,810.9 മീറ്റർ ഉയരമുണ്ടായിരുന്നു. തുടർ വർഷങ്ങളിൽ മഞ്ഞുരുകി ഉയരും കുറഞ്ഞു വരുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും ഉയരം കൂടിയതായി കണ്ടെത്തിയത്.